ഒബ്സ്സസ്സീവ് കംപള്‍സീവ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍
പരിപൂര്‍ണ്ണതാസിദ്ധാന്തം: ദൈനംദിന ജീവിതത്തിലെ ചിട്ടകള്‍, ശുചിത്വം, നിയമങ്ങള്‍, ആചാരങ്ങള്‍, പെരുമാറ്റം തുടങ്ങി സര്‍വ്വതിലും ശക്തമായ കര്‍ശനനിലപാടുകള്‍ പുലര്‍ത്തുക എന്നതാണ് ഒബ്സ്സസ്സീവ് കംപള്‍സീവ് വ്യക്തിത്വ തകരാറിലെ മുഖ്യമായ സവിശേഷതകള്‍. ശക്തമായ ആങ്സൈറ്റി രോഗത്തില്‍ നിന്നാണ് ഈ വ്യക്തിത്വവൈകല്യം ഉടലെടുക്കുന്നത്.
ഓരോവിഷയത്തിലെ വിശദാംശങ്ങള്‍, നിയമാവലികള്‍, പട്ടികകള്‍, ഓര്‍ഡര്‍, ഓര്‍ഗനൈസേഷന്‍ എന്നിവയില്‍ ആവശ്യത്തിലധികം പരിപൂര്‍ണ്ണത വേണമെന്ന ശാഠ്യപിടുത്തകാരായിരിക്കും ഇവര്‍. പരിപൂര്‍ണ്ണത കുറഞ്ഞുവരുന്ന പക്ഷം പൊട്ടിതെറിക്കുകയോ ശിക്ഷിക്കുകയോ ദേഷ്യപ്പെടുകയോ ഇവരുടെ രീതിയാണ്. കൂടെയുള്ളവരുടെ താല്‍പര്യങ്ങളോ അഭിപ്രായങ്ങളോ
കണക്കിലെടുക്കാതെ എല്ലാ കാര്യങ്ങളും ഇവരുടെ താല്‍പര്യത്തിനനുസരിച്ച് നടക്കണം എന്നതാണ് സ്ഥിതി. എന്തുചെയ്യുകയായാലും പൂര്‍ണ്ണതവരുത്തുവാന്‍ കഠിനശ്രമം നടത്തുന്ന ഇവര്‍ തങ്ങളുടെ ഉല്ലാസങ്ങളും വിനോദങ്ങളും ഇഷ്ടങ്ങളും മറ്റും ത്യജിച്ച് ചെയ്യുന്ന കാര്യത്തില്‍ നൂറുശതമാനം പരിപൂര്‍ണ്ണത വരുത്തുന്നു. വിശ്രമമില്ലാതെ പണിയെടുക്കാന്‍ സന്നദ്ധരായ ഇവരുടെ കീഴില്‍ ജോലി ചെയ്യുക എന്നത് അതീവ ദുഷ്ക്കരം തന്നെയാണ്. നിസ്സാരകാര്യങ്ങള്‍ക്കും തെറ്റുകള്‍ക്കും ശക്തവും മനസ്സിനെ വ്യണപ്പെടുത്തുന്നതുമായ വിമര്‍ശനങ്ങളും കുറ്റപ്പെടുത്ത ലുകളും നല്‍കി ഇതരവ്യക്തിയെ ശ്വാസം മുട്ടിക്കും. ഇവര്‍ എല്ലായ്പ്പോഴും ശരിയെന്ന മട്ടില്‍ നിന്ന് മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങളും കല്‍പനകളും കൊടുക്കുവാന്‍ ശ്രമിക്കും.
പൊതുവെ നിര്‍ബന്ധബുദ്ധിക്കാരായ ഇവര്‍ സദാ സംശയവും ജാഗ്രതയും എല്ലാത്തിലും പുലര്‍ത്തിവരുന്നു. തമാശകേട്ടാല്‍ പൊട്ടിച്ചിരിക്കാന്‍ പോലും തയാറല്ലാത്ത ഇവര്‍തങ്ങളുടെ വാക്കുകളില്‍ പോലും ഗൗരവം ഭാവിച്ചും നര്‍മ്മത്തില്‍ പങ്കുചേരാതെയും കഴിഞ്ഞുകൂടുന്നു. എല്ലാത്തിനും മേമ്പൊടിക്കായ കൂടിയ അളവിലുള്ള ആങ്സൈറ്റിയും ഇവരില്‍ കാണുന്നതാണ്. ലോകത്തെ മുഴുവന്‍ നന്നാക്കാനുള്ള പാഠവും ബുദ്ധിയും കാര്യക്ഷമതയും ഉള്ള വ്യക്തിയാണ് തനെന്ന ധാരണ ഇവരില്‍ ശക്തം. പട്ടളചിട്ടയെ ഓര്‍മ്മ്പ്പെടുത്തും വിധമാണ് കുടുംബാംഗങ്ങളോട് വീട്ടില്‍ പെരുമാറുക. പരിപൂര്‍ണ്ണതക്കായി ഇവര്‍ നിരത്തുന്ന വസ്തുതകളും ന്യായങ്ങളും എല്ലാം യുക്തിരഹിതമായി മറ്റുള്ളവര്‍ക്ക് തോന്നുമെങ്കിലും ഇവരുടെ ദേഷ്യം പേടിച്ച് പൊതുവെ ആരും പുറത്ത് പറയില്ല.
വളരെയധികം ആനന്ദത്തോടെ ജീവിക്കാനുള്ള സമ്പത്തുള്ള പലവീടുകളിലും ഇത്തരക്കാര്‍ കടും പിടുത്തത്തിലൂടെ നരകതുല്യമായ ജീവിതം സമ്മാനിക്കുക പതിവാണ്. വീട്ടിനുള്ളില്‍ എല്ലാ കാര്യത്തിലും ഭയങ്കരമായ ക്യത്യനിഷ്ടവേണ മിവര്‍ക്ക്. എത്ര ശക്തമായ മഞ്ഞുള്ളപ്പോള്‍ പോലും വെളുപ്പിനു 5 മണിക്കുണര്‍ന്ന് കുളിക്കാന്‍ നിബന്ധിക്കുന്നത് ഇത്തരം രോഗാവസ്ഥയുള്ള വരായിരിക്കും. വീട്ടിലെ മേശപ്പുറത്ത് പുസ്തകങ്ങളും പത്രവുമല്ലാം ക്യത്യമായി അടക്കിവെപ്പിക്കുക, ആചാരാനുഷ്ടാനങ്ങള്‍ ക്യത്യമായി പുലര്‍ത്തുക ഇവയിലെന്തെങ്കിലും തെറ്റുകള്‍ക്കിടവന്നാല്‍ ദേഷ്യപ്പെടുകയും ചെയ്യും. ചിലയിടത്ത് വീട്ടില്‍ ഓരോ ദിവസം ഓരോരുത്തരും ചെയ്യേണ്ടജോലി പോലും ഇത്തരക്കാര്‍ നിശ്ചയിക്കും. അവിടെ സ്നേഹവാലത്സ്യത്തിന്‍റെ പരിഗണന ഒന്നും ഉണ്ടായിരിക്കില്ല. എല്ലാവരും ഏല്‍പ്പിച്ചകാര്യം മാത്രമേ ചെയ്യാവു അതുവിട്ട് ഒന്നും ചെയ്തുകൂട. വീട്ടില്‍ ഗേറ്റ് അടക്കുവാനും ലൈറ്റുകള്‍ ഓഫാക്കുവാനും മറന്ന ഭാര്യയേയും മക്കളെയും ബെല്‍റ്റ് കൊണ്ട് അടിക്കുന്ന ഒരുപോലീസുകാരനെ ഈയവസരത്തില്‍ ഓര്‍ത്തുപോകുകയാണ്.
ഇവര്‍ പറയുന്ന കാര്യങ്ങള്‍ ശരിയെന്ന നിര്‍ബന്ധബുദ്ധി ഇവരിലുണ്ടാകും. ഇവരുടെ ഏതെങ്കിലും തെറ്റുകള്‍ ചൂണ്ടികാട്ടിയാല്‍ ഒരുതരത്തിലും സമ്മതിച്ചു തരില്ല. ڇതാന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പ്ڈ എന്ന മനോഭാവമായിരിക്കും അവര്‍ക്ക്. അറിയാത്ത കാര്യങ്ങള്‍ക്ക് പോലും വലിയ അറിവുള്ളവരെ പോലെ തര്‍ക്കിക്കും. അമിതമായ സദാചാരങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന ഇവര്‍ ആര്‍ക്കും ഒരുസ്വാതന്ത്ര്യവും നല്‍കില്ല. ഇത്തരക്കാരുടെ തെറ്റുകള്‍ക്ക് എതിരെ പ്രതികരിക്കുന്നവര്‍ ആജീവാനന്തകാലം ശത്രുക്കളായിതീരുന്നു. ഇതേ കണിശ നിലപാട് ഇവരുടെ ജോലിസ്ഥലത്തും പ്രകടമായിരിക്കും. അവിടെയുള്ള സഹപ്രവര്‍ത്തകരും ഇവരെ ഒരുവിധത്തിലായിരിക്കും സഹിക്കുന്നുണ്ടാകുക. ഒറ്റനോട്ട ത്തില്‍ നല്ല അച്ചടക്ക മനോഭാവമായി ഇതിനെ കാണുമെങ്കിലും സ്വഭാവികമായും ഇവര്‍ മറ്റുള്ളവരുടെ വെറുപ്പും വിദ്വേഷവും പിടിച്ചുപറ്റും. പ്രസിദ്ധമായ ڇസ്ഫടികംڈ എന്ന സിനിമയിലെ കര്‍ശനക്കാരനായ ڇചാക്കോ മാഷിനെڈ ഭാവനയില്‍ കണ്ട് വിലയിരുത്തിയാല്‍ കാര്യം എളുപ്പം പിടികിട്ടും.
യാതൊരുവിധ മനുഷ്യത്വവും ഇവരില്‍ നിന്ന് ഉണ്ടാകുന്നതല്ല. എല്ലാം അച്ചടക്കത്തിന്‍റെ ഭാഗമായി ചെയ്യുന്നതിനാല്‍ ഇത്തരക്കാരെ ആര്‍ക്കും പെട്ടെന്ന് വിമര്‍ശിക്കുവാനും കഴിയില്ല. നേരം വൈകിവരുന്നവര്‍, പറഞ്ഞവാക്ക് തെറ്റിക്കുന്നവര്‍, ആചാരാനുഷ്ടാനങ്ങള്‍ തെറ്റിക്കുന്നവര്‍, പരീക്ഷയില്‍ മാര്‍ക്ക്നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍, ക്യത്യസമയത്ത് പഠിക്കാനും ഉണരുവാനും വൈകുന്നവര്‍, ദിനചര്യകളില്‍ കാലതാമസം വരുത്തുന്നവര്‍, ശുചിത്വകുറവുള്ളവര്‍ ഇവര്‍ക്കല്ലാം ഒബ്സെസ്സീവ് കംപള്‍സ്സീവ് പേഴസണാലിറ്റി തകരാറുകാരുമായി നിരന്തരം വഴക്കടിച്ചായിരിക്കും തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടി വരുക. ഇതില്‍ ചിലര്‍ വിജയിക്കും. ചിലര്‍ തോറ്റു സമാനരോഗിയായോ, ഉത്കണ്ടണ്ഠ രോഗിയോ അപകര്‍ഷതബോധം ഉള്ളവനോ, ആത്മവിശ്വാസമില്ലാത്തവനോ ആയിതീര്‍ന്നേക്കാം.
ഇത്തരത്തില്‍ ഒബ്സെസ്സിവ് കംപള്‍സീവ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ള വ്യക്തികള്‍ കുടുംബത്തില്‍ മാത്രമല്ല, ഓഫീസില്‍, ക്ലാസ് മുറിയില്‍, പോലീസ് സ്റ്റേഷനില്‍, കോടതിയില്‍, അധ്യാപകരില്‍, ഡോക്ടര്‍മാരില്‍ എന്നുവേണ്ട മാനസികരോഗ ചികിത്സകര്‍ക്ക് വരെ ഈ തകരാറ് ബാധിക്കാം. തങ്ങള്‍ക്ക് ഈ വിധതകരാറ് ഉണ്ടെന്ന് ഇവര്‍ മനസ്സിലാക്കാതെയാണ് മുന്നോട്ട് പോവുക.
ഇനി പറയുന്ന എട്ടു ലക്ഷണങ്ങളില്‍ 4 ലക്ഷണമെങ്കിലും ഒരാളില്‍ കാണുന്നുവെ ങ്കില്‍ അയാള്‍ക്ക് ഒബ്സെസ്സിവ് കംപള്‍സീവ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടെന്ന് അനുമാനിക്കാം.
1. അമിതമായ സംശയം, മുന്‍കരുതല്‍, പരിപൂര്‍ണ്ണത വേണമെന്ന മനോഭാവം
2. നിയമങ്ങളും ചട്ടങ്ങളും ക്യത്യമായി നടപ്പിലാക്കാനുള്ള നിര്‍ബന്ധബുദ്ധി
3. ചെയ്യുന്ന ജോലിയില്‍ പരിപൂര്‍ണ്ണത വേണമെന്ന നിബന്ധം, അതുമൂലം ജോലി പൂര്‍ത്തീകരിക്കുന്നതില്‍ താമസം നേരിടുക.
4. സന്തോഷം നശിപ്പിക്കുന്ന രീതിയിലുള്ള നിര്‍ബന്ധബുദ്ധിയും ശാഠ്യവും
5. സാമൂഹിക മാമൂലുകളിലുള്ള അമിതമായ വിശ്വാസവും അവ നടപ്പിലാക്കാ നുള്ള പ്രവണതയും
6. വിട്ടുവീഴ്ചയില്ലാത്ത മനോഭാവം - തൊഴിലിലും വ്യക്തിബന്ധങ്ങളിലും
7. മറ്റുള്ളവരെല്ലാം താന്‍ പറയുന്നതു കേള്‍ക്കണമെന്നും തന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നുമുള്ള അമിതമായ ശാഠ്യബുദ്ധി.
8. സ്വന്തം വികാരങ്ങളെയും തോന്നലുകളെയും നിയന്ത്രിക്കാന്‍ പ്രയാസം.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് ഈ തകരാറ് കൂടുതലായും കണ്ടുവരുന്നത്. വ്യക്തിത്വ വൈകല്യങ്ങളുടെ കൂട്ടത്തില്‍ സര്‍വ്വസാധാരണവും കൂടുതലായും കണ്ടുവരുന്ന തകരാര്‍ ഒബ്സെസ്സിവ് കംപള്‍സീവ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ആണ്. ഈ തകരാര്‍ മൂലം വ്യക്തി ഏര്‍പ്പെടുന്ന എല്ലാ മേഖലകളിലും പ്രതിസന്ധികള്‍ ഉണ്ടാവുക പതിവാണ്. ഈ തകരാര്‍ പലകുടുംബങ്ങളെയും വേര്‍പിരിക്കുന്നതിലും വിവാഹമോചനത്തിലും എത്തിക്കുന്നു.
ചെറുപ്രായത്തില്‍ തന്നെ മുളപൊട്ടുന്ന ഈ തകരാര്‍ ഒരു സുപ്രഭാതത്തില്‍ ചികിത്സകൊണ്ടൊന്നും മാറുകയില്ല. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന മനഃശാസ്ത്ര ചികിത്സയും മരുന്നു ചികിത്സയും ഇതിന് അനിവാര്യമാണ്.
© Copyright 2020. All Rights Reserved.